ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സ്വപ്‌ന സുരേഷിന്റേയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും ഉള്‍പ്പെടെ മൊഴികള്‍ ശിവശങ്കറിനെതിരെയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിക്കുന്നത്. ഇനി സി എം രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഈ പശ്ചാത്തലത്തില്‍ ശിവശങ്കര്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. ശിവശങ്കറിന് ഇനി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.
ഫെബ്രുവരി 14 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. 9 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് റിമാന്‍ഡ് ചെയ്തത്.