Thursday, January 23, 2025
National

തിപ്ര മോതയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാര്‍ : ബിജെപി

തിപ്ര മോതയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറെന്ന് ബിജെപി വാക്താവ്. ഗ്രേറ്റർ തിപ്രാലാൻഡ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് ബിജെപി വക്താവ് അറിയിച്ചത്.

ആവശ്യങ്ങൾ അംഗീകരിച്ചാൽ ആരുമായും സഖ്യമാകാമെന്നാണ് തിപ്ര മോദ പറഞ്ഞത്. തങ്ങൾക്ക് ലഭിക്കുന്ന ഉറപ്പുകൾ എഴുതി നൽകണമെന്നാണ് തിപ്ര മോതയുടെ ഉപാധി. അതേസമയം, തിപ്ര മോതയെ കൂടെകൂട്ടാൻ നീക്കം ഊർജിതമാക്കിയിരിക്കുകയാണ് സിപിഐഎം-കോൺഗ്രസ് സഖ്യം. തിപ്ര മോത നേതാവ് പ്രദ്യുത് ദേബ് ബർമൻ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും.

ത്രിപുരയിൽ ഇനി കിംഗ് മേക്കറാകുക തിപ്രമോതയാണ്. ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിർണായകമാകുക. ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങൾക്കായി ഗ്രേറ്റർ ടിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാർട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.

പാർട്ടി അധ്യക്ഷൻ ദേബ് ബർമ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല.നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാൻ സുതാര്യതയിൽ വിശ്വസിക്കുന്ന ഒരു ചെറിയ പാർട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാർട്ടി അധ്യക്ഷൻ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബർമയെ നിയമിച്ചെങ്കിലും അഴിമതിക്കാർക്കുവേണ്ടി കോൺഗ്രസ് ഹൈക്കമാൻഡ് തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ദേബ് ബർമ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബർമ പിറവികൊടുത്തത്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേബ് ബർമ പ്രഖ്യാപിച്ചു. തുടർന്ന് ഐഎൻപിടി , ടിഎസ്പി , ഐപിഎഫ്ടി എന്നിവ 2021ൽ തിപ്ര പാർട്ടിയിൽ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎൻപിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വർഷത്തെ ഇടതുപക്ഷ ഭരണം കൗൺസിലിൽ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാർട്ടിയുമായും സഖ്യമില്ലാതെ കൗൺസിലിൽ അധികാരം നിലനിർത്തിയ ഏക പ്രാദേശിക പാർട്ടിയായി തിപ്ര മാറി.

Leave a Reply

Your email address will not be published. Required fields are marked *