പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന; അട്ടപ്പാടിയിലും കാട്ടാനയുടെ സാന്നിധ്യം
പാലക്കാട് ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി. നരസിമുക്കിലും,ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയത്. അഗളി പോത്തനാമൂഴിയിലെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കി. ധോണിയില്‍ ക്വാറിയുടെ മതില്‍ തകര്‍ക്കുകയും ജനവാസമേഖലയിലെ മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ധോണി, മായപുരം, പെരുന്തുരുത്തികളം എന്നിവിടങ്ങളിയാലിരുന്നു ഇന്ന് പുലർച്ചെ കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയും, ഇന്ന് പുലർച്ചെയുമായി എത്തിയ കാട്ടാന കൂട്ടം നിരവധി നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.
പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്ന വ്യക്തിയുടെ പറമ്പിലെ മരങ്ങളും കാട്ടാന നശിപ്പിച്ചു. അഗളി സ്വദേശിയായ പോത്താനാമൂഴിയിൽ പോൾ മാത്യൂവിന്റെ 450 വാഴകളും കാട്ടാനകൾ നശിപ്പിച്ചു. കൂടാതെ സമീപത്തെ തെങ്ങുകളും, കപ്പയും കാട്ടാന നശിപ്പിക്കുകയുണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ധോണിയിലേയും, അട്ടപ്പാടിയിലേയും കർഷകർക്ക് ഉണ്ടായിരിക്കുന്നത്. ആനകളെ കാട്ടിലേക്ക് താത്ക്കാലികമായി തുരത്തുന്നതിനപ്പുറം സ്ഥിരസംവിധാനം ഒരുക്കണമെന്നാണ് പ്രദേശവാസികളും, കർഷകരും വനംവകുപ്പിനോട് ഉന്നയിക്കുന്ന ആവശ്യം.