പാലക്കാട് ധോണിയിൽ വീണ്ടും ‘പി ടി 7’ ഇറങ്ങി; ഒപ്പം രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ നാല് ആനകൾ, ആശങ്ക
തൃശൂർ: പാലക്കാട് ധോണിയിൽ വീണ്ടും പിടി സെവൻ ഇറങ്ങി. ധോണിയിൽ ലീഡ് കോളേജിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ 5 ആനകളാണിറങ്ങിയത്. ഇന്ന് രാവിലെയും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു.
ആനയെ തിങ്കളാഴ്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കും. തിങ്കളാഴ്ചയ്ക്ക് ശേഷം ഡോക്ടർ അരുൺ സക്കറിയയുടെ സേവനത്തിൽ വ്യക്തത വരുമെന്നും തുടർന്ന് മയക്കുവെടി വയ്ക്കുമെന്നും ഏപോകന ചുമതലയുള്ള എസിഎഫ് ബി രജ്ഞിത്ത് പറഞ്ഞു. ധോണ ിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളിയാണെന്നും ആനയെ വെടിവെക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുകയാണ് പ്രധാന വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങൾ. തുടർച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല. പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നിൽപ്പെടാറുള്ളത്. ഇവിടെ വച്ചാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നത്. അതിനുശേഷം ഒപ്പമുണ്ടായിരുന്നവർ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ജനങ്ങൾ.