കോവിഡ് പരിശോധനയിൽ കേരളം മുന്നിൽ
രാജ്യത്തെ കോവിഡ് പരിശോധനകളിൽ ഏറ്റവും മുന്നിൽ കേരളമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. രാജ്യത്ത് പ്രതിദിനം ദശലക്ഷംപേർക്ക് 844 എന്ന ശരാശരി ഉള്ളപ്പോൾ കേരളത്തിൽ ദശലക്ഷം പേർക്ക് 3258 എന്ന അളവിലാണ് ടെസ്റ്റുകൾ നടക്കുന്നത്. ഡൽഹിയാണ് രണ്ടാംസ്ഥാനത്ത്.
പ്രതിദിനം 3225 എന്ന അളവിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള കർണാടകയിൽ ദശലക്ഷത്തിന് 1550 ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളത് ദശലക്ഷം പേര്‍ക്ക് 140 ടെസ്റ്റ് എന്ന അളവിലെങ്കിലും പരിശോധന നടത്തണമെന്നാണ്.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനേക്കാൾ ഉയർന്ന ടെസ്റ്റിങ് ശരാശരി കാഴ്ചവയ്ക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് 1418, ബിഹാർ 1093, ഒഡിഷ 1072, ഗോവ 1058 എന്നിവയാണ് പ്രതിദിനം ആയിരത്തിന് മുകളിൽ ശരാശരി ടെസ്റ്റുകൾ നടത്തുന്ന മറ്റ് സംസ്ഥാനങ്ങൾ.
രാജ്യത്ത് ഇതുവരെ ആകെ 10.7 കോടി കോവിഡ് പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. 81.36 ലക്ഷം പേരാണ് ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. റാപിഡ് ആന്റിജൻ ടെസ്റ്റുകളിൽ ജൂൺ 14 മുതലാണ് വര്‍ധന വരുത്തിയത്. രാജ്യത്ത 2000 ലാബുകളിലായി ഒന്നരലക്ഷം പരിശോധനകൾ നടത്താനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.