24 മണിക്കൂറിനിടെ 83,882 കോവിഡ് കേസുകൾ; ഇന്ത്യയിൽ കോവിഡ് ബാധിതർ 38 ലക്ഷത്തിലേക്ക്,1043 മരണം
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ഒരു ദിവസം എൺപതിനായിരം രോഗികൾ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതിമാറി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83,882 പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 38, 53, 406 ആയി.
ഒരു ദിവസം ആയിരം കോവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 1043 പേർ കോവിഡ് ബാധ മൂലം മരിച്ചിരുന്നതായി സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 37,376 ആയി.
നിലവിൽ 8,15,538 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 29,70,492 പേർ ഇത് വരെ രോഗമുക്തി നേടി 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 17,433 പേർക്കാണ് പുതുതായി രോഗബാധ. 25,195 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
കർണാടകത്തിൽ 9,860 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 94,459 പേരാണ്. ആകെ മരണം 5950 ആയി. സംസ്ഥാനത്ത് ആകെ രോഗബാധിതർ 3,61,341-ലെത്തി.