ചങ്ങാനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം; മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ
ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. മൃതദേഹം വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കോൺക്രീറ്റ് പാളികൾ തുരന്നാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കഴിഞ്ഞദിവസം കാണാതായ ആലപ്പുഴ സ്വദേശി ബിന്ദു കുമാറിനു വേണ്ടി നടത്തിയ തെരച്ചിലിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരിയിലെ മുത്തു കുമാറിന്റെ വീട്ടിലാണ് ദൃശ്യം മോഡൽ കൊലപാതകം.
യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടതായി സൂചന ലഭിച്ചിരുന്നു . ഇതേ തുടർന്നാണ് ചങ്ങനാശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആലപ്പുഴ കൈതത്തിൽ സ്വദേശി ബിന്ദു കുമാറിനെയാണ് കാണാതായത്.
കഴിഞ്ഞ 26നാണ് കാണാതായത്. പരിശോധന നടക്കുന്ന വീട്ടിൽ കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനം നടന്നിരുന്നു. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.