‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ തകർന്നിരിക്കുമ്പോൾ വിടർന്നു നൃത്തം ചെയ്യൂ; ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവ്യ നായർ
ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായർ. നൃത്തത്തെ കുറിച്ച് റൂമിയുടെ എഴുത്ത് ഉൾപ്പെടെയുള്ള ഡാൻസ് വിഡിയോ ആണ് നവ്യ പങ്കുവച്ചത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.
‘നിങ്ങൾ തകർന്നിരിക്കുമ്പോൾ വിടർന്നു നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകൾ വലിച്ചുകീറുമ്പോൾ. പോർമധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം ചെയ്യൂ’ – എന്ന ജലാലുദ്ദീൻ റൂമിയുടെ ഉദ്ധരണിയാണ് വിഡിയോക്ക് ഒപ്പം ചേർത്തിട്ടുള്ളത്.
ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തത്. കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
എട്ട് തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിരുന്നു. മലയാള സിനിമാ മേഖലയിലെ പലരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഇ.ഡി തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണ്. മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചു.