ഓണം വാരാഘോഷത്തിന് നാളെ സമാപനം; ഷെയിൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ
ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനമായ നാളെ വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വീണ ജോർജ്,ആന്റണി രാജു,ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.
സിനിമാതാരങ്ങളായ ഷെയിം നിഗം,നീരജ് മാധവ്,ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലയിലെ എംപിമാർ,എംഎൽഎമാർ,തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.സമാപന സമ്മേളനത്തിനു ശേഷം ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി നടക്കും.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ശുചിത്വ – മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണം ശ്രദ്ധേയമാകുന്നു.ഉറവിട,ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ ശുചിത്വ മിഷന്‍ ആര്‍. പിമാരുടെയും(റിസോഴ്സ് പേഴ്സണ്‍ )ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണം.ജൈവ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ ഏതെല്ലാം,അവയുടെ പ്രവര്‍ത്തന രീതി, ലഭ്യത,വില വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവര്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കും. പൊതുജനങ്ങള്‍ക്കിടയില്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്റെയും ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചിരിക്കുന്നത്.