മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ
ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. കെ പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എ എസ് ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിച്ചു.
നൃത്തം നീണ്ടു പോയതോടെ, നാട്ടുകാർ എ എസ് ഐ യെ പിടിച്ചു മാറ്റി. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ മദ്യപിച്ച് പൊതുജനമധ്യത്തിൽ നൃത്തം ചെയ്തുവെന്ന് കണ്ടെത്തി. പിന്നാലെ മൂന്നാർ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയിഞ്ച് ഡിഐജി കെ പി ഷാജിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.