Wednesday, January 29, 2025
Kerala

അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വര്‍ണക്കടത്ത്; ചോദ്യവുമായി കെ.ടി ജലീല്‍

കേരളത്തിലെ സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി കെ ടി ജലീല്‍. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തെന്നാണ് ജലീലിന്റെ ചോദ്യം. സ്വര്‍ണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കില്‍ അത് പിടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍. അവര്‍ക്ക് സ്വര്‍ണ്ണം കടത്തുന്നത് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ വകുപ്പുകള്‍ പിരിച്ചുവിട്ട് ശേഷിയുള്ളവരെ ചുമതല ഏല്‍പ്പിക്കണമെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചു.

‘സ്വന്തം കഴിവുകേട് മറച്ചു വെക്കാന്‍ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏര്‍പ്പാട് കേരളത്തില്‍ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കില്‍ ആ പൂതി പൂവണിയില്ല. അതിനുകാരണം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ പൊതുവിദ്യാലയങ്ങള്‍ പണിതത് വര്‍ഗീയക്കോമരങ്ങളെ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവര്‍ക്ക് വെഞ്ചാമരം വീശാനല്ല.’. ജലീല്‍ വിമര്‍ശിച്ചു.

ഇന്നലെ കൊച്ചിയില്‍ നടന്ന യുവം പരിപാടിയിലെ വേദിയിലാണ് നരേന്ദ്ര മോദി സ്വര്‍ണക്കടത്ത് പരാമര്‍ശിച്ച് കേരളത്തെ വിമര്‍ശിച്ചത്. ബിജെപി രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കുമ്പോള്‍, കേരളത്തില്‍ നടക്കുന്നത് സ്വര്‍ണക്കടത്തെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട അവസരം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാള്‍ ഒരു പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാള്‍ ഒരു കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കൂട്ടരും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *