Friday, October 18, 2024
Kerala

‘സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു, അടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്’; ചെന്നിത്തല

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ എപ്പോൾ പ്രവേശിക്കുമെന്ന് അറിഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും നാണംകെട്ട പരിപാടി ഏതെങ്കിലും സംസ്ഥാനത്ത് നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.

സി.പി.എം അക്രമം അഴിച്ചു വിടുന്നു. സംസ്ഥാന സര്‍ക്കാര്‍ അക്രമ സംഭവങ്ങൾ നോക്കി നില്‍ക്കുന്നു. അക്രമം നിർത്താൻ അണികളോട് മുഖ്യമന്ത്രി പറയണം. വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രതികളെ രക്ഷിക്കില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ദേശീയ അന്വേഷണ സംഘം പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്‍റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

Leave a Reply

Your email address will not be published.