റെയ്‌നയുടെ പിന്മാറ്റം; ധോണി അവസരം മുതലാക്കണമെന്ന് ഗംഭീര്‍
ഇത്തവണത്തെ ഐ.പി.എല്‍ സീസണിയില്‍ നിന്ന് സുരേഷ് റെയ്‌ന പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം കളിച്ചിരുന്ന മൂന്നാം നമ്പര്‍ സ്ഥാനത്ത് എം.എസ്് ധോണി വരണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു വര്‍ഷത്തിലധികമായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇത് വളരെ സഹായകരമായ കാര്യമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
‘മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാന്‍ ധോണിക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധോണി കളത്തിലില്ല. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ ആവശ്യത്തിന് പന്തുകള്‍ നേരിടാന്‍ അദ്ദേഹത്തിന് അവസരം കിട്ടും. ഇന്നിംഗ്‌സിനെ താങ്ങിനിര്‍ത്താനും ധോണിക്കാകും. ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം ആ വേഷം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുള്ളതാണല്ലോ.’
‘റെയ്‌നയുടെ അസാന്നിധ്യത്തില്‍ അനുഭവസമ്പത്തുള്ള ഒരാള്‍ വരുന്നതാണ് നല്ലത്. കേദാര്‍ ജാദവ്, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍ തുടങ്ങിയവരൊക്കെ ചെന്നൈ നിരയിലുണ്ട്. ഇവരൊക്കെ മത്സരം ഫിനിഷ് ചെയ്യാന്‍ മിടുക്കരുമാണ്. അതുകൊണ്ട് ധോണി മൂന്നാം നമ്പരില്‍ ഇറങ്ങി ഇന്നിംഗ്‌സിന് ബലം നല്‍കുന്നതാണ് ഉത്തമം.’ ഗംഭീര്‍ അഭിപ്രായപ്പെട്ടു.