Tuesday, January 7, 2025
Kerala

കേരളത്തിലെ ആദ്യ സമ്പൂർണ കോവിഡ് ആശുപത്രി ഒമ്പതിന് സർക്കാരിന് കൈമാറും

കാസർകോട്: ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കോവിഡ് ആശുപത്രിയുടെ നിർമാണം പൂർത്തിയായി. കോവിഡ് അതിവ്യാപനം കണക്കാക്കിയാണ് കാസർകോട് ഹൈടെക് ആശുപത്രി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിർമാണം പൂര്‍ത്തിയാക്കിയത്.ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റീന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്.

സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യൂണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്.128 യൂണിറ്റുകളിലായി (കണ്ടയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിർമിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം, കാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി. പൂർണമായും ഉരുക്കിൽ നിർമ്മിച്ച 128 കണ്ടെനറുകളാണ് ആശുപത്രിയാകുന്നത്.കോവിഡ് കണക്കുകളിൽ ജില്ല വീണ്ടും ആശങ്കയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ടാറ്റാ ആശുപത്രി യാഥാർത്ഥ്യമാകുന്നത്.

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിർമാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്, എട്ട് ഓവര്‍ഫ്ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്.ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിർമാണവും ടാറ്റാ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്.

തൊഴിലാളികളിലേറെയും ഇതരസംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിർമാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്ന് സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 12ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *