സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍; ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു
പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. സിപിഐയിലെ വിഭാഗീയതയെ തുടര്‍ന്നാണ് രാജി. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവില്‍ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിന്റെ രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.
ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യാണ് മുഹ്സിന്‍. പാര്‍ട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുള്‍പ്പെടെ മറ്റ് ആറുപേര്‍കൂടി ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയെ തരംതാഴ്ത്തിയിരുന്നത്. സമ്മേളനത്തിലുണ്ടായ വിഭാഗീയപ്രവണതകളെക്കുറിച്ചന്വേഷിക്കാന്‍ മുന്‍ ജില്ലാസെക്രട്ടറി ടി. സിദ്ധാര്‍ഥന്‍ കണ്‍വീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്.