പാലക്കാട്ട് പേപ്പട്ടി കടിച്ച് പെണ്‍കുട്ടി മരിച്ച സംഭവം: മുറിവിന്‍റെ ആഴം കൂടിയത് കൊണ്ടാകാമെന്ന് ഡിഎംഒ
പാലക്കാട്;പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്.മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീ ംഎല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.
പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.