20 മാസത്തെ വലിയ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും
20 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും. എല്ലാ സ്‌കൂളുകളിലും രാവിലെ പ്രവേശനോത്സവം നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കുട്ടികളെ സ്‌കൂളുകളിലേക്ക് വരവേൽക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കും
കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു. സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യത്തെ രണ്ടാഴ്ച ഉച്ച വരെയാണ് ക്ലാസുകൾ. ഹാജർ രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഈ ദിവസങ്ങളിൽ നടക്കുക. 2400 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. 8, 9 ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. 8, 9 ക്ലാസുകൾ നവംബർ 15 മുതൽ ആരംഭിക്കും