Monday, January 6, 2025
Kerala

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം; സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിക്കാൻ എം.വി ​ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ വേണ്ടി വിജേഷ് പിള്ള വഴി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിനെതിരെയാണ് എംവി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് എം ​വി ​ഗോവിന്ദൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ അപകീർത്തി കേസ് എന്ന നിലയ്ക്ക് നേരത്തെ സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയും പിന്നാലെ തളിപ്പറമ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പിന്നാലെ സ്വപ്ന സുരേഷ് കോടതിയെ സമീപിച്ച് എഫ്ഐആറിൽ സ്റ്റേ വാങ്ങിച്ചു. തുടർന്ന് അന്വേഷണം പൂർണമായും തടസ്സപ്പെട്ടു.. ഇതിന് പിന്നാലെയാണ് ഇതിലെ നിയമപരമായ വശങ്ങൾ കൂടുതൽ വിശദമായി പരിശോധിക്കുകയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാനായി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *