റാലിക്കിടെയുണ്ടായ ഇടിമിന്നലിൽ തൃണമൂൽ പ്രവർത്തകൻ മരിച്ചു, 25 പേർക്ക് പരുക്ക്
പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇൻഡസിൽ നടത്തിയ റാലിക്കിടെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.
40 കാരനായ സാബർ മല്ലിക് ആണ് മരിച്ചത്. റാലി പുരോഗമിക്കുമ്പോൾ കനത്ത മഴ പെയ്തുതുടങ്ങി. ഇതോടെ ഏതാനും തൃണമൂൽ പ്രവർത്തകർ സമീപത്തെ മരത്തിനു കീഴിൽ അഭയം പ്രാപിച്ചു. ഇതിനിടെയാണ് മരത്തിൽ ഇടിമിന്നലേറ്റത്. ഗുരുതരമായി പരുക്കേറ്റ മല്ലിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റ 25 പേരിൽ ഏഴുപേരുടെ നില ഗുരുതരമായതിനാൽ ബർദ്‌വാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാർട്ടി ദുഃഖം രേഖപ്പെടുത്തി.