എം. വി ഗോവിന്ദനോട് മാപ്പ് പറയില്ല; നോട്ടീസിന് മറുപടി നൽകും: സ്വപ്ന സുരേഷ്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ്. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സ്വപ്ന സുരേഷിന്റെ പ്രതികരണം. കേരളം മുഴുവനുമുള്ള പൊലിസ് സ്റ്റേഷനുകളിൽ കേസുകളെടുത്താലും മുന്നോട്ട് പോകുമെന്ന് സ്വപ്ന വ്യക്തമാക്കി.
“ക്രൈം ബ്രാഞ്ച് തനിക്കെതിരെ കേരളത്തിൽ കേസ് എടുത്തിട്ട് ഉണ്ട്. എനിക്ക് ഈ ഗോവിന്ദനെ അറിയില്ല. ഗോവിന്ദനാണ് തന്നെ അയച്ചതെന്ന് എന്നോട് വിജേഷ് പറഞ്ഞതാണ് ഞാൻ ലൈവിൽ പറഞ്ഞത്. എനിക്കെതിരെ കേസ് എടുക്കുന്നത് ഇവർക്ക് എന്തെല്ലാമോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ്. ” – സ്വപ്ന സുരേഷ് പറഞ്ഞു. ഞാനതേറ്റ ചെയ്തിട്ടില്ല. എം. വി ഗോവിന്ദൻ നൽകിയ നോട്ടിസിന് നിയമപരമായി മറുപടി നൽകും. മാപ്പ് പറയണമെങ്കിൽ രണ്ടാമത് ജനിയ്ക്കണമെന്നും സ്വപ്ന സുരേഷ് പറയുന്നു. സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്.
വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ വച്ച് സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വൈറ്റ് ഫീൽഡ് ഡിസിപി എസ് ഗിരീഷിൻ്റെ നേതൃത്വത്തിലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. വിജേഷ് പിള്ളയെ ഫോണിൽ ലഭിയ്ക്കുന്നില്ലെന്നും ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ്, വാട്സ് അപ്പിൽ അയച്ചതിന് മറുപടി ലഭിച്ചിട്ടില്ലെന്നും കെആർ പുര പൊലിസ് ഇന്നലെ പറഞ്ഞിരുന്നു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിജേഷ് പിള്ളയെ കണ്ടെത്താനാകും ബംഗലൂരു പൊലിസിൻ്റെ അടുത്ത നീക്കം.