പരിശോധന നടത്താതിരിക്കുകയാണെങ്കിൽ ആവശ്യമായ നടപടിയും സർക്കാർ സ്വീകരിക്കും: ആർടിപിസിആർ നിരക്ക് കുറച്ചത് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി
ആർടിപിസിആർ നിരയ്ക്ക് കുറയ്ക്കാതിരിക്കുകയോ, പരിശോധന നിർത്തിവെക്കുകയോ ചെയ്ത സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചില ലാബുകൾ ടെസ്റ്റിന് വിമുഖത കാണിക്കുന്നുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചെലവ് 240 രൂപയാണ്. മനുഷ്യവിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിൽ.
പരാതികളുണ്ടെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തിൽ എടുക്കരുത്. ലാബുണ്ടാകുക, സൗകര്യമുണ്ടാകുക എന്നത് അവരവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ല. നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്. വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടിയും സർക്കാർ സ്വീകരിക്കും.