Saturday, April 12, 2025
Kerala

സാന്ത്വന സ്പര്‍ശം: മന്ത്രിമാരുടെ അദാലത്തിന് ഇരിട്ടിയില്‍ തുടക്കമായി

കണ്ണൂര്‍: മന്ത്രിമാരുടെ അദാലത്ത് സാന്ത്വന സ്പര്‍ശം, ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയില്‍ തുടങ്ങി. മന്തിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂരിലെ അദാലത്ത് നടക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

അദാലത്തുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികളില്‍ ഇതിനകം തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. അദാലത്തില്‍ വച്ച് ലഭിക്കുന്ന പരാതികളില്‍ സാധ്യമായവ ഇവിടെ വച്ചുതന്നെ പരിഹരിക്കും. കൂടുതല്‍ അന്വേഷണം ആവശ്യമുള്ളവ തുടര്‍ നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

അദാലത്തിലെത്തിയ അപേക്ഷകളില്‍ ചിലത് പ്രത്യേക നയരൂപീകരണം ആവശ്യമുള്ളവയോ നിയമനിര്‍മാണം ആവശ്യമുള്ളവയോ ആണ്. അത്തരം അപേക്ഷകള്‍ ആ രീതിയില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപന ഭീതിയുടെ സാഹചര്യത്തില്‍ കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് അദാലത്തുകള്‍ നടത്തുന്നത്. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

റേഷന്‍ കാര്‍ഡ്, റവന്യൂപഞ്ചായത്ത് സേവനങ്ങള്‍, ചികില്‍സാ സഹായം, ബാങ്ക് വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അദാലത്തില്‍ ലഭിച്ച അപേക്ഷകളിലേറെയും. ആയിരത്തിലേറെ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.

ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളുടെ അദാലത്ത് നാളെ (ചൊവ്വ) കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സകൂളിലും തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *