Saturday, October 19, 2024
Kerala

സിപിഐഎം മതത്തിന് എതിരല്ല; മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് എം.വി ഗോവിന്ദൻ

സിപിഐഎം മതത്തിന് എതിരല്ലെന്ന് എം.വി ഗോവിന്ദൻ. സിപിഐഎം മതത്തിന് എതിരെ നിൽക്കുന്ന പാർട്ടിയല്ല. മതത്തിനെതിരാണ് പാർട്ടിയെന്നത് തെറ്റായ കാഴ്ചപ്പാടാണ്. മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ പുത്തൻപള്ളി അറബി കോളജിലാണ് ഗോവിന്ദന്റെ പരാമർശം

ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സർക്കാരിനില്ല.മതവിരുദ്ധമായ വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യ പദ്ധതിയിൽ ഉണ്ടാകില്ല. ചർച്ച കഴിയുമ്പോൾ കരടൊക്കെ മാറും.ജനങ്ങളാണ് വലുത്. ജനങ്ങളെ ചേർത്തു നിർത്തും. മന്ത്രിയെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇ.പി. വിഷയത്തിൽ പാർട്ടിക്കുള്ളിൽ നടന്ന ചർച്ച പുറത്തു പറയേണ്ടതില്ല. മാധ്യമങ്ങൾ തന്നെ വിഷയമുണ്ടാക്കി അവർ തന്നെ ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സിപിഐഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.

Leave a Reply

Your email address will not be published.