എല്ലാ സ്ത്രീകള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും
കര്‍ണാടകയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു നിബന്ധനയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (
കെഎസ്ആര്‍ടിസി) നാല് ഡിവിഷനുകളിലുള്ള ഡയറക്ടറുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയുടന്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. ഈ വാഗ്ദാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് ഗതാഗതമന്ത്രി വ്യക്തമാക്കുന്നത്. അന്ന് പറഞ്ഞതുപോലെ എപിഎല്‍, ബിപിഎല്‍ കാര്‍ഡ് നോക്കിയല്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര തന്നെയാകും അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എംഡിമാരുമായി ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന സാഹചര്യം മനസിലാക്കിയെന്നും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടായി താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം ഇത് ചര്‍ച്ചചെയ്യുകയും ഇതിന് ശേഷം മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
23,978 വാഹനങ്ങളും 1.04 ലക്ഷത്തിലധികം ജീവനക്കാരുമുണ്ടെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ പ്രതിദിനം 82.51 ലക്ഷം ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇതിലൂടെ പ്രതിദിനം ലഭിക്കുന്ന വരുമാനം 2,31,332 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.