കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്രം
കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. രോഗബാധിതരാകുന്നതിൽ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രി വാസം ആവശ്യമായി വരികയുള്ളുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികൾ ഒന്നുകിൽ മറ്റ് അസുഖങ്ങൾ ഉള്ളവരോ പ്രതിരോധ ശക്തി കുറഞ്ഞവരോ ആണ്. കൊവിഡ് കുട്ടികളിൽ ഗുരുതരമാകുമെന്ന് തെളിയിക്കുന്ന ഡാറ്റകൾ ആഗോളതലത്തിൽ തന്നെയില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
അതേസമയം കൊവിഡ് ബാധിതരാകുന്ന കുട്ടികൾക്ക് മതിയായ ചികിത്സയും ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.