Saturday, December 28, 2024
Kerala

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി കരാറുകള്‍ നീട്ടി

വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വയ്ക്കുന്നത്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയിരിക്കുന്നത്. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അര്‍ധരാത്രി ഉത്തരവിറക്കുകയായിരുന്നു.

നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബര്‍ 31 വരെ നീട്ടി. 2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. പുതിയ കരാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. മഴ കുറഞ്ഞത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കെഎസ്ഇബി മാനേജ്‌മെന്റ് വേഗത്തില്‍ തീരുമാനമെടുക്കണം. നിലവിലുള്ള പ്രതിസന്ധി കരാര്‍ റദ്ദാക്കിയത് കാരണമല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര ഉത്പാദനവും കുറഞ്ഞുവെന്നും കമ്മിഷന്‍ വിശദീകരിക്കുന്നു.

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. എന്നാല്‍ ലോഡ് ഷെഡിംഗ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഈ മാസം 25ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കാനായിരുന്നു ഇന്ന് തീരുമാനിച്ചിരുന്നത്. വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കരാര്‍ നീട്ടണമെന്ന അപേക്ഷയില്‍ വാദം കേട്ട ശേഷമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *