തളര്‍ച്ചയും മൂത്രമൊഴിക്കുമ്പോള്‍ വേദനയും ഇടയ്ക്ക് പനിയും; ശരീരം സൂചിപ്പിക്കുന്നതെന്ത്?
നമ്മെ ബാധിക്കുന്ന വിവിധ രോഗങ്ങളുടെയെല്ലാം സൂചനകളായി ശരീരം പലവിധത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി, അത് പരിശോധനയ്ക്ക് വിധേയമാക്കി എന്താണ് തങ്ങളെ ബാധിച്ചിരിക്കുന്ന അസുഖമെന്ന് കണ്ടെത്തി ചികിത്സ തേടാൻ വലിയൊരു വിഭാഗം പേരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
ഇത്തരത്തില്‍ നാം അശ്രദ്ധയോടെ തള്ളിക്കളയാൻ സാധ്യതയുള്ള- മൂത്രത്തില്‍ കല്ലിന്‍റെ ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സാധാരണഗതിയില്‍ അശ്രദ്ധമായി വിട്ടുകളയാൻ സാധ്യതയുള്ള പ്രശ്നങ്ങളാണിവ. എന്നാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാലക്രമേണ വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാൻ പാകത്തിലുള്ളവയും. അതിനാല്‍ തന്നെ ഇവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് ഏറെ ആവശ്യമാണ്.
അറിയാം മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണങ്ങളായി വരുന്ന പ്രശ്നങ്ങള്‍…
മൂത്രത്തില്‍ രക്തം…
മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണുന്ന ‘ഹെമച്യൂറിയ’ എന്ന അവസ്ഥ മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണമായി വരുന്നതാണ്. എല്ലായ്പോഴും ഇത് മൂത്രത്തില്‍ കല്ലിന്‍റെ തന്നെ ലക്ഷണമാകണമെന്നില്ല. എങ്കിലും പരിശോധന നിര്‍ബന്ധമായ അവസ്ഥയാണ് ‘ഹെമച്യൂറിയ’.
മൂത്രമൊഴിക്കുമ്പോള്‍ വേദന…
മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നതും മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണമായി വരാറുണ്ട്. കല്ലുകള്‍ മൂത്രാശയത്തിലോ മൂത്രനാളിയിലോ എല്ലാം ഉരയുമ്പോഴാണ് ഈ വേദന അനുഭവപ്പെടുന്നത്. മൂത്രമൊഴിക്കുമ്പോള്‍ വേദന തോന്നുന്നുവെങ്കിലും ഇതും പരിശോധിക്കേണ്ട കാര്യം തന്നെയാണ്.
പനിയും കുളിരും…
മൂത്രത്തില്‍ കല്ലിന്‍റെ മറ്റൊരു ലക്ഷണമാണ് ഇടവിട്ട് വരുന്ന പനിയും കുളിരും. മൂത്രത്തില്‍ കല്ല് മൂലമുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ ഭാഗമായാണ് പനിയുണ്ടാകുന്നത്.
മൂത്രത്തിന്‍റെ നിറത്തിലും ഗന്ധത്തിലും വ്യത്യാസം…
മൂത്രം അല്‍പം പാട പോലെ അവ്യക്തമായി കാണപ്പെടുന്നതും രൂക്ഷമായ ഗന്ധവും ഇത്തരത്തില്‍ മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണമായി വരുന്നതാണ്. മൂത്രത്തില്‍ കല്ല് മൂലം മൂത്ര നാളിയില്‍ ബാക്ടീരീയകള്‍ കൂടുന്നതാണ് ഇതിന് കാരണമായി വരുന്നത്.
തളര്‍ച്ച…
മൂത്രത്തില്‍ കല്ലില്‍, കല്ലുകളെ പുറന്തള്ളാൻ ശരീരം തുടര്‍ച്ചയായ ശ്രമം നടത്തുകയും ഇതില്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇത് വലിയ രീതിയിലുള്ള ക്ഷീണത്തിലേക്ക് നയിക്കുന്നു.
മരവിപ്പ്…
കല്ലുകള്‍ മൂത്രനാളിയിലെ നാഡികളെ ബാധിക്കുന്നതോടെ കാലുകളിലും നടുവിലും അടിവയറ്റിലും അതിന് താഴ്‍ഭാഗത്തുമെല്ലാം മരവിപ്പോ ചെറിയ തുടിപ്പോ അനുവപ്പെടുന്നതും ഇത്തരത്തില്‍ ശ്രദ്ധിക്കുക. മൂത്രത്തില്‍ കല്ലുണ്ടോയെന്ന് പരിശോധിക്കാനുള്ളൊരു സൂചനയായി ഇതിനെ കണക്കാക്കാം.
നില്‍ക്കാനും ഇരിക്കാനും പ്രയാസം…
മൂത്രത്തില്‍ കല്ലിന്‍റെ ഭാഗമായി ചിലര്‍ക്ക് നില്‍ക്കാനും ഇരിക്കാനുമെല്ലാം പ്രയാസം തോന്നാം. കല്ലുകള്‍ മൂത്രനാളിയിലെ നാഡികളില്‍ അമരുമ്പോള്‍ ആണ് ഇത്തരത്തില്‍ പ്രയാസമുണ്ടാകുന്നത്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലായ്പോഴും മൂത്രത്തില്‍ കല്ലിന്‍റെ തന്നെ സൂചനയാകണമെന്നില്ല. പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായും ഇവ കാണാം. അതിനാല്‍ ആശുപത്രിയിലെത്തി പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്…