‘കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ല, ജനവിരുദ്ധ സര്‍ക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംഎൽഎമാർ
തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിൽ എംഎൽഎമാർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനം. എംഎല്‍എമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഐ സി. ബാലകൃഷ്ണന്‍, പി.കെ. ബഷീര്‍, കെ.കെ. രമ, ഉമ തോമസ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സ്പീക്കര്‍ തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസ് അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചതെന്നും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബല പ്രയോഗം നടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ എംഎൽഎമാർ സംയുക്ത പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ആക്രമണത്തിന് ഇരയായ പ്രതിപക്ഷ എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ഞങ്ങള്‍ക്കെതിരെ ഡെപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡും നല്‍കിയ പരാതികളില്‍ ജാമ്യം ഇല്ലാത്ത വകുപ്പുകളുമാണ് ചുമത്തിയത്. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം പൊലീസും നീതി നിഷേധത്തിന് കൂട്ടു നില്‍ക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് അംഗീകരിക്കാനാകില്ലെന്നും എംഎൽഎമാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു.