യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ സ്വദേശികളിൽ വൻ വർധന; കണക്ക് പുറത്തുവിട്ട് അധികൃതർ
യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ദുബായ് എമിറേറ്റിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്. സ്വദേശി വൽക്കരണ നടപടികൾ യുഎഇയിൽ ശക്തമായി മുന്നോട്ട്പോവുന്നതിനിടെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടത്.
നിലവിൽ രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എൺപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. അഞ്ചുവർഷത്തിനിടെ മൂന്നിരട്ടി വർധനവാണ് വന്നിരിക്കുന്നത്. എമിറാത്തികളുടെ നൈപുണ്യ വികസനത്തിന് നാഫിസ് രൂപീകരിച്ച ശേഷമാണ് തൊഴിൽ മേഖലയിൽ ഈ നേട്ടമെന്ന് മന്ത്രാലയം അറിയിച്ചു. 17000 സ്വകാര്യ കമ്പനികളിലാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്യുന്നത്. മറ്റ് എമിറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിയാണ് സ്വദേശിവത്കരണത്തിൽ മുൻപിൽ.
47.4ശതമാനം സ്വദേശികളാണ് ദുബായിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നത്. നിലവിൽ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നതെങ്കിലും ഏറ്റവും പുതിയ തീരുമാനപ്രകാരം 20ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിയമിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.