യുഎഇയിൽ പൊടിക്കാറ്റിന് ശമനം; തടസപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിൽ
യുഎഇയിൽ പൊടിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വിമാനസർവീസുകൾ സാധാരണ നിലയിലേക്കെന്ന് അധികൃതർ. ഇന്നലെ വൈകിട്ടോടെ പൊടിക്കാറ്റിന് അൽപം ശമനം വന്നിട്ടുണ്ട്. പൊടിക്കാറ്റ് രൂക്ഷമായതോടെ രണ്ടുദിവസങ്ങൾക്കിടെ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും, 12 വിമാനങ്ങൾ ജബൽ അലിയിലെ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.
ഏതാനും ആഴ്ചകളായി യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. കഴിഞ്ഞ മാസാവസാനത്തോടെ യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഫുജൈറ പോലുള്ള സ്ഥലങ്ങളിൽ 30 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷമായി യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുകയാണ്.