Wednesday, April 16, 2025
Gulf

10 വയസുകാരിയായ മകളെ അതിക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന പ്രവാസിയായ അമ്മയ്ക്ക് ജീവപരന്ത്യം

ദുബായ്യ: 10വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപരന്ത്യം തടവിന് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം തേടിയതും ഇവര്‍ തന്നെയായിരുന്നു. ദി വില്ലയിലെ വീട്ടില്‍ മകളെ ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തി സഹായം വേണമെന്നായിരുന്നു 38കാരിയായ ഇവര്‍ പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ഇവര്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി.

പൊലീസ് പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ രാജ്യം വിട്ടതായും കണ്ടെത്തിയിരുന്നു. സ്വന്തം രാജ്യത്തെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് വീട്ടുജോലിക്കാരനെ പിടികൂടിയത്. ചോദ്യെ ചെയ്യലിലാണ് സംഭവത്തില്‍ അമ്മയുടെ ക്രൂരത പുറത്ത് വന്നത്. കൊലപാതകക്കുറ്റം നിഷേധിച്ച വീട്ടുജോലിക്കാരന്‍ അമ്മ കുട്ടിയെ പല രീതിയില്‍ പീഡിപ്പിച്ചിരുന്നതായി കണ്ടിരുന്നതിനേക്കുറിച്ചും ഇയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കായും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോവുന്നതിനുമായി തന്നെ എമിറൈറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ വിശദമാക്കി. പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും അമ്മ പീഡിപ്പിച്ചിരുന്നതായും പൊലീസിനോട് ജോലിക്കാരന്‍ വിശദമാക്കി. കൊലപാതകം നടന്ന ദിവസമം മകളെ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ മൊഴി നല്‍കി. സ്കൂളിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി കുട്ടിയെ കൂട്ടാന്‍ ചെന്ന സമയത്ത് കുട്ടിയെ കിടപ്പുമുറിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ബാത്ത്റൂമില്‍ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയോട് മകളെ ബാത്ത് ടബ്ബില്‍ ബോധം കെട്ട് കിടക്കുന്ന വിവരം പറഞ്ഞപ്പോള്‍ അവരെ അത് ബാധിച്ചതായി തോന്നിയില്ലെന്നും വീട്ടുജോലിക്കാരന്‍ പറഞ്ഞു. കുട്ടി മരിച്ചതായി തോന്നിയെന്നും പറഞ്ഞിട്ടും അമ്മയ്ക്ക് കുലുക്കമുണ്ടായില്ല. പ്രശ്നത്തില്‍ താന്‍ പ്രതിയാവുമോയെന്ന ഭീതി തോന്നിയതോടെയാണ് നാട് വിടാന്‍ ശ്രമിച്ചതെന്നും ഇയാള്്‍ വിശദമാക്കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസിനെ വിവരം അറിയിക്കാത്തതിന് വീട്ടുജോലിക്കാരനെയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *