അറബ് മേഖലയിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് തയ്യാറെടുത്ത് യു.എ.ഇ
അബുദാബി: അറബ് മേഖലയിലെ ആദ്യത്തെ ചാന്ദ്ര ദൗത്യം യു.എ.ഇ പ്രഖ്യാപിച്ചു. 2024ല്‍ ചന്ദ്രനിലേക്കുള്ള ഉപഗ്രഹം വിക്ഷേപിക്കാനാണ് യു.എ.ഇ പദ്ധതിയിടുന്നത്. ഇതോടെ ചാന്ദ്ര ദൗത്യത്തിലേര്‍പ്പെടുന്ന അറബ് മേഖലിലെ ആദ്യ രാജ്യമാകും യു.എ.ഇ.
ചൊവ്വയിലൊരു നഗരം സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന യു.എ.ഇയ്ക്ക് ചന്ദ്രനിലൊരു ഇടത്താവളമുണ്ടാക്കുകയാണ് ലക്ഷ്യം. ചന്ദ്രനില്‍ വിശ്രമിച്ച് ചൊവ്വയിലേക്കുള്ള യാത്രയാണ് യു.എ.ഇ സ്വപ്നം കാണുന്നത്. ഇതിലേക്കുള്ള ആദ്യ ചുവടാണ് ചാന്ദ്ര ദൗത്യം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ചാന്ദ്രയാന ദൗത്യം ഉള്‍പ്പെടെ 2021 മുതല്‍ 2031 വരെയുള്ള ദശവത്സര പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം ഈ രംഗത്ത് യു.എ.ഇയ്ക്കു മുതല്‍കൂട്ടാകും.