വിസാ നിയമങ്ങളില്‍ മാറ്റം വരുന്നു; പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കും
കുവൈത്ത് സിറ്റി:
പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രാജ്യത്തെ റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്.
വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യമാണ് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ദീര്‍ഘകാല വിസ അനുവദിക്കുന്നതിലൂടെ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. രാജ്യത്ത് ഏതെങ്കിലും മേഖലകളില്‍ നിക്ഷേപം ഇറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതിലൂടെ നിലവിലെ വിസ നിയമങ്ങള്‍ അവര്‍ക്ക് ഒഴിവാക്കി നല്‍കാനാവും.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏതെങ്കിലും രീതിയില്‍ ശക്തിപ്പെടുത്താന്‍ കഴിവുള്ള വിദേശികള്‍ക്കാണ് ദീര്‍ഘകാല വിസ അനുവദിക്കുക. വിദേശ നിക്ഷേപകര്‍ക്കു പുറമെ, നിലവില്‍ രാജ്യത്തെ ഏതെങ്കിലും മേഖലകളില്‍ നിക്ഷേപമുള്ള പ്രവാസികള്‍, കമ്പനി ഉടമകള്‍, രാജ്യത്ത് ദീര്‍ഘ കാലമായി താമസിക്കുന്നവരും സാമ്പത്തികമായി മികച്ച നിലയിലുള്ളവരുമായ വ്യക്തികള്‍, സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രമുഖര്‍, ജോലി ചെയ്യാതെ തന്നെ ജീവിതം നയിക്കാനുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല വിസകള്‍ അനുവദിക്കുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപമായിട്ടില്ല.
പുതിയ വിസാ സമ്പ്രദായം നിലവില്‍ വരുന്നതോടെ രാജ്യത്ത് നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് രീതിയില്‍ മാറ്റം വരും. ദീര്‍ഘ കാല വിസ അനുവദിക്കപ്പെടുന്നവര്‍ക്ക് മറ്റൊരാളുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടാകില്ല. അവര്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ വിസ എടുക്കാം. സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തില്‍ മാറ്റം വരുന്നതോടെ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് ബാധകമാവില്ല. ഇത്തരം മാറ്റങ്ങളിലൂടെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏതൊക്കെ മേഖലകളിലുള്ളവര്‍ക്ക് പുതിയ വിസാ ആനുകൂല്യം അനുവദിക്കണമെന്നതിനെ കുറിച്ച് പ്രാഥമിക ധാരണ ഉണ്ടാക്കിയതായും അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും സംയുക്തമായാണ് ഇതിനു വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കുന്നത്.