Saturday, October 19, 2024
Gulf

സൗദിയില്‍ 30 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി; വില 75 മില്യണ്‍ ഡോളര്‍ വരെ!

ദമ്മാമിലെ തുറമുഖത്ത് നിന്നും രഹസ്യമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നായ കാപ്റ്റഗണ്‍ ഗുളികകള്‍ അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. 30 ലക്ഷം ഗുളികളാണ് പിടിച്ചെടുത്തത്. കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് നിന്നാണ് വിദേശത്ത് നിന്നെത്തിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തതെന്ന് സകാത്ത്, ടാക്‌സ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഇന്റര്‍നാഷണല്‍ അഡിക്ഷന്‍ റിവ്യൂ ജേണലില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 30 മില്യണ്‍ ഡോളര്‍ മുതല്‍ 75 മില്യണ്‍ ഡോളര്‍ വരെ വില വരുന്നതാണ് പിടിച്ചെടുത്ത കാപ്റ്റഗണ്‍ ഗുളികകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ പിടിച്ചെടുത്തത്. ഓരോ മാസവും ദശലക്ഷക്കണക്കിന് കാപ്റ്റഗണ്‍ ഗുളികകളാണ് യുഎഇയില്‍ പിടികൂടുന്നത്.

ആംഫെറ്റാമൈന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയ്ക്ക് പകരമായി 1961ലാണ് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ആദ്യമായി നിര്‍മിക്കുന്നത്. ക്രമേണ മാരകമയക്കുമരുന്നായി ഉപയോഗിച്ചുതുടങ്ങിയതോടെ 1986 ആയപ്പോഴേക്കും മിക്ക രാജ്യങ്ങളിലും ഈ ഗുളികകള്‍ നിരോധിച്ചു.എങ്കിലും രഹസ്യ ഉപയോഗം തുടര്‍ന്നുകൊണ്ടിരുന്നു. 1960കളില്‍ നിര്‍മിച്ച കാപ്റ്റഗണില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നുപയോഗിക്കുന്നത്. നിലവില്‍ പാര്‍ട്ടി മയക്കുമരുന്നെന്ന നിലയിലാണ് കാപ്റ്റഗണ്‍ കൂടുതലായി ഉപയോഗിക്കുന്നത്.

2015ല്‍ സൗദി അറേബ്യയുടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ നാഷണല്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം രാജ്യത്ത് കാപ്റ്റഗണ്‍ ഉപയോഗിക്കുന്ന ഭൂരിഭാഗവും 12 നും 22 നും ഇടയില്‍ പ്രായമുള്ളവരാണ്. കാപ്റ്റഗണിന് അടിമപ്പെട്ടവരില്‍ 40 ശതമാനവും ഈ പ്രായത്തിലുള്ളവരാണ്.

Leave a Reply

Your email address will not be published.