Thursday, January 23, 2025
Kerala

റിപ്പബ്ലിക് ദിന പരേഡിൽ പെൺകരുത്ത് കാട്ടി കേരളം; തല ഉയർത്തി കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും

കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി കേരളത്തിന്‍റെ ടാബ്ലോ. അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ ന‍ൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം, സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുൻനിർത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെയും ശില്‍പ്പങ്ങളായിരുന്നു കേരളത്തിന്‍റെ ടാബ്ലോയിലെ പ്രധാന ആകർഷണം. നഞ്ചിയമ്മ പാടി അനശ്വരമാക്കിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലക്കാത്ത’ എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ മുഴങ്ങിയത്. സ്ത്രീശക്തി പ്രമേയമാക്കിയ ടാബ്ലോയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിറഞ്ഞ കൈയ്യടി നല്‍കി.

കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നീവിടങ്ങളിൽ നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. കുടുംബശ്രീ അംഗങ്ങളാണ് ഇവർ. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവർ ശിങ്കാരിമേളം പഠിക്കാൻ ആരംഭിച്ചത്.

പെൺ കരുത്ത് കേരളം മുൻപിൽ വെച്ചപ്പോൾ കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകളാണ് ഗോത്ര പാരമ്പര്യം ഉയർത്തി ചുവടുകളുമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *