വിശുദ്ധ റമദാൻ ആരംഭിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളിയിലേക്ക് തീർഥാടകരുടെ ഒഴുക്ക്
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ ആരംഭിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളിയിലേക്ക് തീർഥാടകരുടെ ഒഴുക്ക് വർധിച്ചു. ഇന്നലെ രാത്രി നടന്ന തറാവീഹ് നിസ്‌കാരത്തിൽ ദശലക്ഷക്കകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഉംറ നിർവഹിക്കാനും പ്രവാചകനോട് സലാം പറയാനും, റമദാനിലെ പ്രത്യേക പ്രാർഥനകൾക്കുമായി ലക്ഷക്കണക്കിനു തീർഥാടകരാണ് മക്കയിലും മദീനയിലും എത്തുന്നത്. റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് ഇന്നലെ രാത്രി ആരംഭിച്ചു. മക്കയിലെ ഹറം പള്ളിയിൽ നടന്ന തറാവീഹ് നിസ്‌കാരത്തിന് ശൈഖ് യാസിർ അൽദോസരി, ശൈഖ് അബ്ദുറഹ്‌മാൻ സുദൈസ് എന്നിവർ നേതൃത്വം നൽകി. ഹറം കാര്യവിഭാഗം മേധാവി കൂടിയായ ശൈഖ് സുദൈസ് നേതൃത്വം നൽകിയ പ്രാർഥനയിലും ലക്ഷണക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മദീനയിലെ ഹറം പള്ളിയിൽ അബ്ദുല്ല ബുഐജാൻ, അഹമദ് അൽ ഹുദൈഫി എന്നിവർ തറാവീഹ്, വിത്ര് നിസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.
ഹറം പള്ളിയുടെ ബെയ്‌സ്‌മെൻറും, റൂഫും മുറ്റവുമെല്ലാം ആദ്യ ദിവസം തന്നെ നിറഞ്ഞു കവിഞ്ഞു. ഹറം പള്ളികളിൽ ഭജനമിരിക്കാനും ഉംറ നിർവഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനും ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കും.