യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക്; വിഭാഗങ്ങള്‍ പുതുക്കി
യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക് വിപുലീകരിക്കുന്നു. ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്. വ്യവസായ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, മതപണ്ഡിതര്‍, ഗവേഷകര്‍, മുതിര്‍ന്ന പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ദീര്‍ഘകാല വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.
ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വേണ്ടിയുള്ള ഗോള്‍ഡന്‍ വിസാ നിബന്ധനകള്‍:
എഞ്ചിനീയറിംഗ്, ടെക്‌നോളജി, ലൈഫ് സയന്‍സസ്, നാച്ചുറല്‍ സയന്‍സസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പിഎച്ച്ഡി ബിരുദം നേടിയിരിക്കണം. ലോകത്തിലെ മികച്ച 500 സര്‍വ്വകലാശാലകളില്‍ ഒന്നില്‍ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കില്‍ ലോകത്തിലെ മികച്ച 250 സര്‍വ്വകലാശാലകളില്‍ ഒന്നില്‍ നിന്ന് ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ പഠനമേഖലയില്‍ വൈദഗ്ദ്ധ്യം നേടിയ മികച്ച 100 സര്‍വ്വകലാശാലകളില്‍ ഒന്നില്‍ നിന്ന് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പിഎച്ച്ഡി.
മുതിര്‍ന്ന പണ്ഡിതര്‍: സാംസ്‌കാരിക യുവജന മന്ത്രാലയത്തില്‍ നിന്നോ യോഗ്യതയുള്ള ഒരു പ്രാദേശിക അതോറിറ്റിയില്‍ നിന്നോ ഉള്ള ശുപാര്‍ശ കത്ത് പരിഗണിക്കും.
വ്യാവസായിക മേഖല:
വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രാലയത്തില്‍ നിന്നോ യോഗ്യതയുള്ള ഒരു പ്രാദേശിക അതോറിറ്റിയില്‍ നിന്നോ ഉള്ള ശുപാര്‍ശ കത്ത്.
ആരോഗ്യ മേഖല: ആരോഗ്യ മന്ത്രാലയത്തില്‍ നിന്നോ അബുദാബി ആരോഗ്യ വകുപ്പില്‍ നിന്നോ ഉള്ള ശുപാര്‍ശ കത്ത്.
യുഎഇയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് എന്നിവ പരിഗണിക്കും.
വിദ്യാഭ്യാസ മേഖല: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നോ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പില്‍ നിന്നോ ഉള്ള ശുപാര്‍ശ കത്ത്.
യുഎഇയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്.
പ്രൊഫഷണല്‍സ്:
യുഎഇയില്‍ ജോലിക്കാരായിരിക്കണം. തൊഴില്‍ കരാറിനൊപ്പം മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ ബിരുദ സര്‍ട്ടിഫിക്കറ്റ്, വിസ, പാസ്‌പോര്‍ട്ട്, എമിറേറ്റ് ഐഡി. സാലറി സര്‍ട്ടിഫിക്കറ്റ് (കുറഞ്ഞത് 30000 ദിര്‍ഹത്തിന്റെ), എന്നിവയാണ് ഹാജരാക്കേണ്ടത്.
അബുദബി റസിഡെന്‍സ് ഓഫീസ് മുഖേനയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വെബ്‌സൈറ്റ് എന്നിവ മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
നേരത്തെ പഠനത്തില്‍ മികവ് തെളിയിച്ച സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചിരുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം അവര്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസക്കായി എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഹൈ സ്‌കൂള്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.