യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; എമര്‍ജന്‍സി അലേര്‍ട്ടുമായി ദുബായി പൊലീസ്
അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രത സംബന്ധിച്ച് അബുദാബി, ദുബായി പൊലീസ് ജനങ്ങള്‍ക്ക് ഫോണുകള്‍ വഴി എമര്‍ജന്‍സി അലേര്‍ട്ടുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
വാഹനങ്ങള്‍ ശ്രദ്ധയോടെ മാത്രം ഓടിക്കുക, കടല്‍ത്തീരത്ത് നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും വിട്ടുനില്‍ക്കുക, കാലാവസ്ഥയെ കുറിച്ചുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നീ കാര്യങ്ങളാണ് ദുബായി പൊലീസിന്റെ ജാഗ്രതാ സന്ദേശത്തില്‍ പറയുന്നത്.
മഴക്കാലമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മഴ തുടരും. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, മസാഫി, അല്‍ഐന്‍, ഘന്തൂത് എന്നിവിടങ്ങളിലും അബുദാബി നഗരത്തിന്റെ ചില ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴ പെയ്തു. ഫുജൈറ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. എമിറേറ്റ്‌സിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്ക് മേഖലയിലും വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. 12 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിക്കുന്നു.
വ്യാഴം , വെള്ളി ദിവസങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകും. അല്‍ഐനിലെ റക്നയില്‍ 11.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.