രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം; കേരള പൊതുജനാരോഗ്യ ബില്‍ സമഗ്രമെന്ന് ആരോഗ്യ മന്ത്രി
കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു നിയമമാണ് കേരള നിയമസഭ പാസാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2023 ലെ കേരള പൊതുജനാരോഗ്യ നിയമം എന്നായിരിക്കും ഈ ബില്‍ അറിയപ്പെടുക. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ മുതലായവരില്‍ നിന്നും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് നിയമസഭ സെലക്ട് കമ്മിറ്റി ബില്‍ അന്തിമരൂപത്തിലാക്കിയത്. മന്ത്രിയുള്‍പ്പെടെ 15 അംഗങ്ങളാണ് സെലക്ട് കമ്മിറ്റിയിലുണ്ടായിരുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള 4 സിറ്റിംഗുകള്‍ ഉള്‍പ്പെടെ 10 യോഗങ്ങള്‍ നടത്തി. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ ബില്ലാണിതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് ഹോസ്പിറ്റല്‍ ആക്ടുമാണ് ഉണ്ടായിരുന്നത്. ഇങ്ങനെയൊരു ഏകീകൃത നിയമം വേണമെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആഗ്രഹിച്ചതാണ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഒരു ഓര്‍ഡിനന്‍സ് 2021 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ചു. 2021 ഒക്‌ടോബര്‍ നാലാം തീയതി ഒരു അസാധാരണ ഗസറ്റായി കേരള പൊതുജനാരോഗ്യ ബില്‍ പ്രസിദ്ധീകരിക്കുകയും ആ ബില്‍ 2021 ഒക്‌ടോബര്‍ 27-ാം തീയതി സഭയില്‍ അവതരിപ്പിക്കുകയും അന്നു തന്നെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തു. പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്തും ബില്ലിലെ ചില വ്യവസ്ഥകളില്‍ കാലികമായ മാറ്റം വേണമെന്ന് കണ്ടതിനാലുമാണ് നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി സിറ്റിംഗ് നടത്തി ജനങ്ങളില്‍ നിന്നും ആരോഗ്യമേഖലയില്‍ നിന്നുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയും തുടര്‍ന്ന് വിദഗ്ധര്‍ പങ്കെടുത്തുകൊണ്ടുള്ള വര്‍ക്ക് ഷോപ്പ് നടത്തിയുമാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചത്.
രാജ്യത്ത് പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട ആദ്യ ബില്ലാണിത്. രാജ്യത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ബില്ലില്‍ അത് സ്ത്രീലിംഗമാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് സ്ത്രീലിംഗത്തില്‍ പ്രയോഗിച്ചിരിക്കുന്നത് എല്ലാ ലിംഗക്കാരും ഉള്‍പ്പെടുന്നതാണ്. (ഉദാ: ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത…). കാലാവസ്ഥ വ്യതിയാനത്തിന്റെയും, മനുഷ്യ-മൃഗ സമ്പര്‍ക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളും രോഗാണുക്കളെയും പകര്‍ച്ച വ്യാധികളെയും മഹാമാരികളെയും പ്രതിരോധിക്കേണ്ടത് ആവശ്യമായി വരുന്നതും ജീവിതശൈലീ രോഗങ്ങളെ തടയേണ്ടതും ഉള്‍പ്പെടെയുള്ള കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരിക്കുന്നത്. മനുഷ്യന്റേയും പ്രകൃതിയുടേയും മൃഗങ്ങളുടേയും നിലനില്‍പ്പ് അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍, അതിഥിതൊഴിലാളികള്‍ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരെക്കൂടി മുന്നില്‍ കണ്ടാണ് ബില്‍ തയ്യാറാക്കിയത്.
അതേ സമയം ബില്ലിനെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ഏത് വ്യക്തിയ്ക്കും ഏത് അംഗീകൃത രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ട്രീഷണറില്‍ നിന്നും അംഗീകൃത ചികിത്സ തേടുന്നതിലും തടസമില്ല. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വ്യക്തിക്ക് ഏത് ചികില്‍സാ രീതിയും തെരഞ്ഞെടുക്കുന്നതിന് ഈ ബില്‍ തടസം നില്‍ക്കുന്നില്ല. വിജ്ഞാപനപ്പെടുത്തേണ്ട പകര്‍ച്ചവ്യാധികളില്‍ നിന്നും ഒരാള്‍ മുക്തയായതായി ആ വ്യക്തിയെ ചികില്‍സിച്ച മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് തന്നെ ലാബ് പരിശോധനകള്‍ അടക്കം എല്ലാ പരിശോധനകളും നടത്തി രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ നല്‍കാവുന്നതാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ കാര്യങ്ങള്‍ നിയമത്തിലുണ്ട്. ജലം, മാലിന്യം, പകര്‍ച്ചവ്യാധികള്‍, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നിവയും ബില്ലിലുണ്ട്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നല്‍കുന്നു.
പൊതുജനാരോഗ്യ അധികാരി എന്നത് മാറ്റി പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ എന്നാക്കി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പൊതുജനാരോഗ്യ സമിതിയും ഇതിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് ചുമതലകളും അധികാരങ്ങളും നല്‍കുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാന പൊതുജനാരോഗ്യ സമിതിയുടെ അധ്യക്ഷ ആരോഗ്യമന്ത്രിയും ഉപാധ്യക്ഷ ആരോഗ്യവകുപ്പ് സെക്രട്ടറിയും, ആരോഗ്യവകുപ്പ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമാകുന്നു. ആരോഗ്യവകുപ്പ് ഡയക്ടര്‍ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ഓഫീസറുടെ ചുമതല വഹിക്കും.
ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും, ജില്ലാ കളക്ടര്‍ ഉപാധ്യക്ഷയും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മെമ്പര്‍ സെക്രട്ടറിയുമാകുന്നു. പ്രാദേശികതലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും, ഗ്രാമപഞ്ചായത്തിലെ ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ മേയര്‍/മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷയും, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാതലത്തിലുള്ള പബ്ലിക് ഹെല്‍ത്ത് ഓഫീസറും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസറുമായിരിക്കും.