Friday, January 10, 2025
Kerala

സ്ത്രീ സുരക്ഷാ എക്‌സ്‌പോയുമായി ജനമൈത്രി പൊലീസ്; വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നല്‍കുന്നതിനുമായി രണ്ടു ദിവസത്തെ വനിതാസുരക്ഷാ എക്സ്പോ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളജില്‍ നടക്കും. വിങ്സ് 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വിഷയങ്ങളിലെ നിയമപരമായ വ്യവസ്ഥയേയും സ്ഥാപന സംവിധാനങ്ങളേയും കുറിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്.കെ.ടി, ഐ.ജി ഹര്‍ഷിത അത്തലൂരി, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച നടക്കും. പൊതു ഇടങ്ങള്‍, സൈബര്‍ ഇടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ, പേരന്‍റ്സ് ക്ലിനിക്, സുരക്ഷിത കുടിയേറ്റം എന്നിവയെക്കുറിച്ച് അവബോധം പകരാനും കൗണ്‍സിലിങ് സേവനം നല്‍കാനുമായി സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടി സംബന്ധിച്ച ചര്‍ച്ച വെള്ളിയാഴ്ച രാവിലെ 10.30 ന് നടക്കും. ഐ.ജി പി പ്രകാശ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അരുണ്‍, സന്നദ്ധ സംഘടനയായ ബോധിനിയിലെ അഞ്ജലി എന്നിവര്‍ പങ്കെടുക്കും. കൗമാരക്കാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ മാനസികാരോഗ്യവശങ്ങളാണ് 12 മണിക്ക് ചര്‍ച്ച ചെയ്യുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിഘ്നേശ്വരി, തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി ശില്‍പ്പ ഡി, കൊല്ലം മെഡിക്കല്‍ കോളജിലെ ഡോ ഇന്ദു എന്നിവര്‍ പങ്കെടുക്കും. കൗമാരക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം സംബന്ധിച്ച് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍, ഡി.ഐ.ജി ആര്‍.നിശാന്തിനി, ഡോ ജയപ്രകാശ്, ഡോ മേഴ്സി എന്നിവര്‍ പങ്കെടുക്കും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പ്രശസ്ത ഓടക്കുഴല്‍ വിദ്വാന്‍ രാജേഷ് ചേര്‍ത്തല അവതരിപ്പിക്കുന്ന സംഗീത സന്ധ്യ ഉണ്ടായിരിക്കും. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയും കേരള പോലീസ് ഓര്‍ക്കസ്ട്രയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കും. പോലീസിന്‍റെ നേതൃത്വത്തില്‍ വനിതാസ്വയം പ്രതിരോധപരിപാടിയുടെ പരിശീലനവും ഈ ദിവസങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *