ജയില്‍ മോചിതരാവുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നത് തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ എംബസി
റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലിലായ തടവുകാരില്‍ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്. മോചിതരായ 500 പേരടങ്ങുന്ന ആദ്യ ബാച്ച് ഇക്കഴിഞ്ഞ മേയില്‍ ഹൈദരാബാദിലേക്ക് യാത്രയായിരുന്നു. ഇവരെ കയറ്റി അയക്കുന്നതില്‍ ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജന്‍സികള്‍ സഹായിക്കുകയും ചെയ്തു.
കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലും സ്വീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ജയില്‍ മോചിതരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനായുള്ള വിമാന ടിക്കറ്റും നാട്ടിലെത്തിയിട്ടുള്ള ക്വാറന്റൈന്‍ നടപടികള്‍ക്കുമായി റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും പദ്ധതികള്‍ നടപ്പാക്കിവരികയാണ്.
ഈ മാസം 24ന് രണ്ടാം ബാച്ചിലെ ആദ്യ വിമാനം റിയാദില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെടും. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള അടുത്ത വിമാനങ്ങളുടെ ഷെഡ്യൂള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ സൗദി ജയില്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.