ജാർഖണ്ഡിൽ ഖനി ഇടിഞ്ഞുവീണ് അപകടം; ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു
ജാർഖണ്ഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനി ഇടിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു. ധൻബാദ് ജില്ലയിലെ ഭൗറ മേഖലയിലാണ് സംഭവം. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിന്റെ (ബിസിസിഎൽ) ഭൗര കോളിയറി ഏരിയയിൽ രാവിലെ 10.30 നാണ് അപകടം. നൂറുകണക്കിന് ആളുകൾ കൽക്കരി ഖനനത്തിനായി തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഖനിയുടെ മേൽക്കൂര തകർന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ അഞ്ചോളം പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാർ പറഞ്ഞു. അപകടത്തിൽ പൊലീസും സിഐഎസ്‌എഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.