പക്ഷാഘാതം ബാധിച്ച് ഒന്നരവര്‍ഷം സൗദിയിലെ ആശുപത്രിയില്‍; യുപി സ്വദേശിയെ നാട്ടിലെത്തിച്ച് മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍
പക്ഷാഘാതം ബാധിച്ച് ഒന്നര വര്‍ഷമായി സൗദി അറേബ്യയിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുപി സ്വദേശി നാട്ടിലെത്തി. സൗദിയിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഹഫീസിനെ നാട്ടിലെത്തിച്ചത്. ഒന്നര വര്‍ഷത്തെ ഫീസായ മൂന്ന് ലക്ഷം റിയാല്‍ ആശുപത്രി അധികൃതര്‍ ഒഴിവാക്കി കൊടുത്തതോടെയാണ് ഹഫീസിന് നാടണയാന്‍ കഴിഞ്ഞത്.
ഏഴ് വര്‍ഷം മുന്‍പാണ് യുപി സ്വദേശി ഹഫീസ് തയ്യല്‍ ജോലിക്കായി സൗദിയുടെ വടക്കന്‍ പ്രവിശ്യയായ ഹായിലിലെത്തിയത്. ഇതിനിടെ ഒന്നര വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി ഹഫീസിന് പക്ഷാഘാതം ബാധിച്ചു. തുടര്‍ന്ന് റിയാദിലെ ശുമൈസിയിലും റുവൈദയിലുമുള്ള ആശുപത്രികളില്‍ ചികിത്സ. ഇതിനിടെ ഹഫീസിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രി അധികൃതര്‍ സ്‌പോണ്‍സര്‍മാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രി ചിലവും ലക്ഷങ്ങള്‍ കടന്നു.
റിയാദിലെ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാനും ഇന്ത്യന്‍ എംബസി വളണ്ടിയറുമായ സിദ്ദിഖ് തുവ്വൂര്‍ ആണ് ഹഫീസിന്റെ രക്ഷക്കെത്തിയത്. തുടര്‍ന്ന് ഇദ്ദേഹമാണ് ഹഫീസിന്റെ വിവരങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അന്വേഷിച്ചത്. ഹഫീസിനെ കണ്ടെത്തി, ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് ലക്ഷം റിയാല്‍ ആശുപത്രി ബില്ലായി അടക്കാനുണ്ടായിരുന്നു. ഇതിനിടെ നിര്‍ഭാഗ്യമെന്നോണം എക്‌സിറ്റ് വിസയുടെയും ടിക്കറ്റിന്റെയും കാലാവധി അവസാനിച്ചു.
മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ നിരന്തരമായി ഹഫീസിന്റെ വിഷയത്തില്‍ ഇടപെട്ടതോടെ ബില്‍ തുക ഒഴിവാക്കാമെന്ന ധാരണയില്‍ ആശുപത്രിയെത്തി. പിന്നാലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വഴി വീണ്ടും എക്‌സിറ്റ് വിസ ലഭിച്ചു. ഒപ്പം സാമൂഹ്യ പ്രവര്‍ത്തകന്‍ ചാന്‍സ റഹ്‌മാന്റെ ഇടപെടലും കാര്യങ്ങള്‍ അനുകൂലമാക്കി. അങ്ങനെ കാത്തിരിപ്പ് അവസാനിച്ച് പ്രിയപ്പെട്ടവരെ കാണാന്‍ ഹഫീസ് നാട്ടിലേക്ക്.