കുവൈറ്റിലെ പ്രവാസികള്‍ക്കിടയിലെ ജനകീയ മുഖം; ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ജപ്പാനിലേക്ക്
കുവൈറ്റിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തി ശ്രദ്ധ നേടിയ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഇനി ജപ്പാനിലെ അംബാസഡര്‍. സഞ്ജയ് കുമാര്‍ വര്‍മയ്ക്ക് പകരമാണ് സിബി ജോര്‍ജിന്റെ പുതിയ നിയമനം.
ജോര്‍ജിനെ ജപ്പാനിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി നിയമിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കുവൈറ്റിലെ പുതിയ ഇന്ത്യന്‍ അംബാസഡറെ പിന്നീട് പ്രഖ്യാപിക്കും.
കൊവിഡ് മഹാമാരി രൂക്ഷമായി നിന്ന 2020-ലാണ് കുവൈറ്റില്‍ സിബി ജോര്‍ജ് ഇന്ത്യന്‍ സ്ഥാനപതിയായെത്തുന്നത്. ഇക്കാലയളവില്‍ വലിയ പ്രതിസന്ധിയിലായിരുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസി താങ്ങായി നിന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാനും പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താനുള്ള സൗകര്യമൊരുക്കാനും സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ നേടി.
1993 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫിസറായ ജോര്‍ജ് കോട്ടയം പാലാ സ്വദേശിയാണ്. സിബി ജോര്‍ജ് എംബസിയില്‍ നടപ്പാക്കിയ ഓപ്പണ്‍ ഹൗസ് പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ആദ്യമായി കുവൈറ്റില്‍ വേദിയൊരുക്കിയതുമായി ബന്ധപ്പെട്ടും സിബി ജോര്‍ജിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിദേശകാര്യ സര്‍വീസിലെ മികവിന് എസ് കെ സിംഗ് അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.