കണ്ണൂര്‍ എ.സി.പിയായ പി പി സദാനന്ദന് ക്രൈം ബ്രാഞ്ച് എസ്.പിയായി നിയമനം
കണ്ണൂര്‍ എസിപിയായ പി പി സദാനന്ദന് അന്വേഷണ മികവിനുള്ള അംഗീകാരം. ക്രൈംബ്രാഞ്ച് എസ്പിയായി തിരുവനന്തപുരത്താണ് പി പി സദാനന്ദനെ ആഭ്യന്തരവകുപ്പ് നിയോഗിച്ചത്.
ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് തടവ് ശിക്ഷ ലഭിച്ചത് പി പി സദാനന്ദന്റെ ശാസ്ത്രീയ അന്വേഷണ മികവിലൂടെയാണ്. കണ്ണൂരില്‍ നടന്ന കോടികളുടെ മയക്കുമരുന്ന് വേട്ട, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങി പല കേസുകളും ഇദ്ദേഹത്തിന്റെ അന്വേഷണമികവില്‍ തെളിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തില്‍ കുറ്റവാളിയിലെത്തുകയെന്ന രീതിയാണ് സദാനന്ദന്‍ അവലംബിച്ചിരുന്നത്. ജിഷ വധക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, കേരള പൊലീസിന്റെ ബെസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കുള്ള ഡിറ്റക്ടീവ് എക്‌സലന്‍സി അവാര്‍ഡ് ഏഴുതവണ കരഗതമാക്കുകയും ഡിജിപി അടക്കമുള്ളവരില്‍ നിന്ന് 150 ലധികം തവണ ഗുഡ്‌സര്‍വീസ് എന്‍ട്രി നേടുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ചെങ്ങളായി സ്വദേശിയാണ്. 2020 ല്‍ പി പി സദാനന്ദന് എസ്പിയായി നിയമനം നല്‍കുന്നതിനായി ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും തലശേരിയിലെ ഫസല്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശം തിരിച്ചടിയാവുകയായിരുന്നു.