അബുദാബി കിരീടാവകാശിയെ സന്ദര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; സാംസ്‌കാരിക മേഖലകളിലെ സഹകരണം ചര്‍ച്ചയായി
യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
യുഎഇ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ബെന്നറ്റ് എത്തിയത്. ഇന്ന് ഉച്ചയോടെ ബെന്നറ്റ് യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
കൃഷി, ആരോഗ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നേരത്തെ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉടമ്പടിയിലൂടെ നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ആഴമേറിയതും ദൃഢവുമായ അടിത്തറ സ്ഥാപിച്ചതായി നഫ്താലി ബെന്നറ്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള കരാറില്‍ ഇസ്രായേല്‍ ഒപ്പുവച്ചിരുന്നു. നയതന്ത്ര ബന്ധം രൂപപ്പെടുത്തി ഒരു വര്‍ഷമാകുന്ന ഘട്ടത്തിലാണ് ബെന്നറ്റിന്റെ യുഎഇ സന്ദര്‍ശനം. ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങള്‍ക്കു ശേഷം ഇസ്രായേലുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമായി യുഎഇ കഴിഞ്ഞ വര്‍ഷം മാറി. വര്‍ഷങ്ങളായുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇ ഉപദേഷ്ടാവ് തഹ്നൂന്‍ ബിന്‍ സായിദ് ഇറാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബെന്നറ്റ് യുഎഇയിലെത്തിയത്.