Saturday, April 12, 2025
Gulf

ഉംറ രണ്ടാംഘട്ടം ആരംഭിക്കുന്നു; തീർഥാടകരിൽ കോവിഡ് റിപ്പോർട്ടില്ല 

മക്ക: രണ്ടാഴ്ചക്കിടെ ഉംറ തീർഥാടകർക്കിടയിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം നാലിനാണ് ആരംഭിച്ചത്. ‘ഇഅ്തമർനാ’ ആപ്പിൽ പത്തു ലക്ഷത്തിലേറെ സൗദി പൗരന്മാരും വിദേശികളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.

 

മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും ഇന്നു മുതൽ അനുമതി നൽകുന്നതോടനുബന്ധിച്ച് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇന്നലെ മസ്ജിദുന്നബവിയിൽ ഇശാ നമസ്‌കാരത്തിന് നേതൃത്വം നൽകി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നമസ്‌കാര ശേഷം ഹറംകാര്യ വകുപ്പ് മേധാവി ഉദ്‌ബോധനവും നടത്തി.

 

വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കാൻ വിശ്വാസികൾക്ക് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റുകൾ അനുവദിക്കും. പെർമിറ്റുകൾ ലഭിക്കുന്നതു പ്രകാരം ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നവർ നിർബന്ധമായും മാസ്‌കുകൾ ധരിച്ചിരിക്കണമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *