ദുബൈയില്‍ അറസ്റ്റ് നടപടികളുടെ വീഡിയോ പങ്കുവെച്ച അഞ്ചുപേര്‍ക്ക് തടവുശിക്ഷ, നാടുകടത്തല്‍
ദുബൈ: ദുബൈ പൊലീസിന്റെ അറസ്റ്റ് നടടപടികളുടെ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അഞ്ചുപേര്‍ക്ക് ഒരു മാസത്തെ തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. പിടിയിലായ പ്രതികളില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്.
ജൂണില്‍ നയിഫ് മേഖലയിലെ ഒരു ഹോട്ടലില്‍ നിന്ന് വേശ്യാവൃത്തിയിലേര്‍പ്പെട്ട ഒരു കൂട്ടം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവിടുത്തെ റിസപ്ഷനിസ്റ്റായ പ്രതി നൈജീരിയന്‍ സ്വദേശിയായ സ്ത്രീയ്ക്ക് കൈമാറിയെന്നാണ് കേസ്. നൈജീരയക്കാരി ഈ ദൃശ്യങ്ങള്‍ തന്റെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകള്‍ക്ക് കൈമാറി. അവര്‍ ഇത് മറ്റുള്ളവര്‍ക്കും അയച്ചുകൊടുത്തു. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വൈറലാകുകയും ചെയ്തിരുന്നു.
വീഡിയോ വൈറലായത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വീഡിയോ കൈമാറിയതായി പാകിസ്ഥിന്‍ സ്വദേശിയും നൈജീരിയക്കാരിയും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.