കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കനത്ത മഴയെത്തുടർന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജൂലൈ ആറ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്.
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കാലവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പനുസരിച്ച് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദേശമുണ്ട്. ഇതിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്.