ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും, ടിക്കറ്റ് ഇന്ന് മുതൽ
ദുബായ് : ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും.
ടിക്കറ്റുകൾ നേരത്തേ വാങ്ങാനും കാർണിവൽ റൈഡിന് സ്പർശനമേൽക്കാതെ കയറാൻ സഹായിക്കാനുമാണിത്. വില്ലേജിന്റെ ശേഷി അനുസരിച്ച് സന്ദർശകർ നിറഞ്ഞാൽ ആ വിവരം ആപ്പിലൂടെ അറിയാനാകും. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. പാസുകൾ വെൻഡിങ് മെഷിനിലൂടെ ലഭിക്കും.
എല്ലാ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാൻ സംവിധാനങ്ങളും ഒരുക്കും. അകലം പാലിച്ചാവും സ്റ്റേജിനു മുന്നിൽ സീറ്റ് ഒരുക്കുക. വിഐപി പാസുള്ളവർക്ക് ഓൺലൈൻ കാർ പ്ലേറ്റ് റജിസ്ട്രേഷൻ വഴി സ്മാർട് പാർക്കിങ് ഗേറ്റിലൂടെ പോകാം. tickets.virginmegastore.me എന്ന സൈറ്റിൽ വിഐപി പാസുകൾ ലഭിക്കും. വില്ലേജിൽ പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കും പ്രവർത്തിക്കും. ആളുകള്‍ ആവശ്യപ്പെട്ടാൽ ഇവിടെ പിസിആർ പരിശോധന നടത്തും.
🔸സുരക്ഷാ സംവിധാനങ്ങൾ
∙ കുട്ടികൾക്ക് സൗജന്യ മാസ്കുകൾ.
∙ പ്രവേശനം താപപരിശോധന നടത്തി
∙ 600 ഇടങ്ങളിൽ സാനിറ്റൈസർ സ്റ്റേഷനുകൾ .
∙ കാർണിവലിൽ ഓരോ റൈഡിനു ശേഷവും അണുവിമുക്തമാക്കും.
∙ സമ്പർക്കമില്ലാതെ പണമിടപാടിന് സംവിധാനം
∙ ശുചിത്വം കൃത്യമായി പാലിക്കും. എല്ലാ ദിവസവും മേളയ്ക്ക് ശേഷം വില്ലേജ് മുഴുവൻ അണുമുക്തമാക്കും.
∙ റസ്റ്ററന്റുകളിൽ അകലം കൃത്യമാക്കും. മേശകൾ രണ്ടുമീറ്റർ അകലത്തിൽ മാത്രം
∙ പ്രാർഥനാ മുറികൾ സമയത്തു മാത്രം തുറക്കും.
അണു മുക്തമാക്കുന്ന ഇടങ്ങൾ
∙ സ്പർശന സാധ്യതയുള്ള ഇടങ്ങൾ,
∙ റസ്റ്ററന്റുകളിൽ കസേരയും മേശകളും
∙ വീൽചെയറുകൾ, ഷോപ്പിങ് ട്രോളികൾ
∙ ഗെയിംസ് നടക്കുന്ന സ്ഥലം
∙ പ്രാർഥനാ മുറികൾ